/ ഷിജിന സുരേഷ് /
ഒടുവിൽ കസ്തൂരി രംഗൻ റിപ്പോർട്ടിന് മുന്നിൽ കേരളം കീഴടങ്ങുന്നോ? കൊട്ടിയൂർ സംരക്ഷണ സമിതി കളം വിട്ടു? സിപിഎമ്മും ബിജെപിയും കോൺഗ്രസും മൗനത്തിൽ. എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ഉള്ള 60 ദിവസ കാലാവധിയിൽ പകുതി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് കഷ്ടിച്ച് 29 ദിവസം മാത്രം. എന്നിട്ടും അനങ്ങാതെ, കണ്ടതായി ഭാവിക്കാതെ, കേട്ട ഭാവമില്ലാതെ ജനപ്രതിനിധികളും ഭരണകർത്താക്കളും മൗനത്തിലാണ്. യഥാർത്ഥത്തിൽ സംഭവിക്കുന്ന ജനദ്രോഹത്തെ കുറിച്ച് ബോധ്യമില്ലാതെ, ജനങ്ങൾ ടിവി ചാനലുകളിലെ ബ്രേക്കിങ് ന്യൂസ് ത്രില്ലടിച്ച് കണ്ടിരുന്നും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ തട്ടത്തിൻ മറയത്തെ ഓണം ആഘോഷിച്ചും പുളയ്ക്കുമ്പോൾ കേരളത്തിലെ 133 വില്ലേജുകളെ ആദ്യഘട്ടത്തിൽ വന നിയമങ്ങൾക്കും വനം'വകുപ്പിനും അടിയറ വയ്ക്കാൻ ഉള്ള വഴി തുറന്നു വച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരും വനം പരിസ്ഥിതി മന്ത്രാലയവും എന്ന് തിരിച്ചറിയുന്നില്ല പലരും. കാരണം ആ വാർത്തയൊന്നും പരിസ്ഥിതിവാദികളാളായി വേഷം കെട്ടുന്ന അവിഞ്ഞ ബുദ്ധിജീവികളും, ആ വളിച്ച ചീർത്ത ബുദ്ധി ജീവികളെ എന്തോ വലിയ സംഭവമാണെന്ന് കരുതി വിശ്വസിക്കുന്ന മാധ്യമങ്ങളും വിഷയം ചർച്ച ചെയ്യില്ല. അതു കൊണ്ട് ജനം അറിയില്ല. ആയതിനാൽ ജനം അറിയാൻ വേണ്ടി വിഷയം ഇവിടെ ചർച്ചയ്ക്ക് വയ്ക്കുകയാണ്. ആദ്യമേ തന്നെ പറയട്ടെ, കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ, കേന്ദ്ര സർക്കാർ അതീവ രഹസ്യമായി ഒളിപ്പിച്ചു വച്ച കരട് വിജ്ഞാപനം വായിച്ച്, സമയം അധികം കളയാതെ നിങ്ങളുടെ അഭിപ്രായം ഇതോടൊപ്പം ചേർത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കണം. പിന്നീട് വന്ന് മാത്രം വിജ്ഞാപനം വായിച്ചാൽ മതിയാകും. വിജ്ഞാപനം മലയാളത്തിൽ ഇവിടെ ലഭ്യമാക്കുന്നതാണ്. നിങ്ങൾ അഭിപ്രായം രേഖപ്പെടുത്തും മുൻപ് നിങ്ങൾ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ ആദ്യം ചേർക്കുന്നുണ്ട്. റിപ്പോർട്ട് നടപ്പിലാക്കുന്നതുമൂലം നിങ്ങൾക്ക് ഭാവിയിൽ സംഭവിക്കുന്ന വിഷമങ്ങൾ എന്തൊക്കെയാണെന്നാണല്ലോ നിങ്ങൾക്കുള്ള സംശയവും ആശങ്കയും. അതിനെ കുറിച്ചാണ് ആദ്യഭാഗം. നിങ്ങൾക്ക് നിങ്ങളുടെ വീടിനുള്ളിലും പുറത്തും കൃഷിയിടത്തിലും പൊതുരംഗത്തും നിരവധി നിയന്ത്രണങ്ങളും നിരോധനങ്ങളും വരും. ഒരു സുപ്രഭാതത്തിൽ എല്ലാം കൂടി വരുമെന്ന് കരുതണ്ട. ഓരോ നിയന്ത്രണങ്ങളും നിരോധനങ്ങളും വളരെ തന്ത്ര പൂർവ്വം പതിയെ, ഘട്ടം ഘട്ടമായിട്ടായിരിക്കും നടപ്പിലാകുക എന്ന് ഓർത്തു കൊള്ളുക. ആ നിരോധനങ്ങളും നിയന്ത്രണങ്ങളും പ്രധാനമായി റെഡ്, ഓറഞ്ച്, വൈറ്റ് എന്നീ മൂന്ന് കാറ്റഗറിയിലാണുള്ളത്. ഇതിൽ റിപ്പോർട്ട് നടപ്പിലാക്കുന്ന പക്ഷം റെഡ് കാറ്റഗറിയിലുള്ള വ്യാപാര വ്യവസായ തൊഴിൽ കാർഷിക മേഖലകൾ റിപ്പോർട്ട് നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ നിരോധിക്കും എന്ന് മാത്രമേ ഉദ്യോഗസ്ഥർ പറയു . എന്നാൽ ഓറഞ്ച്, വൈറ്റ് വിഭാഗങ്ങളെ കുറിച്ച് ചോദിച്ചാൽ അത് അനുമതിയോടെ ചെയ്യാവുന്ന കാര്യങ്ങൾ ആണെന്നാകും മറുപടി. ആരുടെ അനുമതി ? വനം വകുപ്പിൻ്റെ, പരിസ്ഥിതി - റവന്യൂ- വനം -ആഭ്യന്തരം - തുടങ്ങി പലതരത്തിലുള്ള പല ഘട്ടങ്ങളിലുള്ള നിയന്ത്രണങ്ങൾ ആണ് ഉണ്ടാകുക. നിസ്സാരമല്ലത് എന്ന് നിയന്ത്രങ്ങൾ സംബന്ധിച്ച ഭാഗം വായിക്കുമ്പോൾ മനസ്സിലാകും. ആദ്യം നിയന്ത്രണങ്ങളും നിരോധനങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം. ഒരിക്കൽ കൂടി പറയാം - എല്ലാ നിരോധനങ്ങളും നിയന്ത്രണങ്ങളും ഒറ്റയടിക്ക് നിലവിൽ വരില്ല. എല്ലാം സമയമെടുത്ത്, പതിയെ, മെല്ലെ, പതുക്കെ, ഘട്ടം ഘട്ടമായി പരിഷ്കരിച്ച് ആയിരിക്കും വരിക. പണ്ട് റിലയൻസ് കമ്പിനിക്കാരൻ സിമ്മും ഫോണും കൊടുത്തതുപോലെ. ആദ്യം നിയമം പ്രഖ്യാപിക്കും.നിയന്ത്രണം ഉണ്ടാവില്ല എന്ന് പറയും.പിന്നെ പറയും ഒന്ന് രണ്ട് ഇനകൾ നിരോധിച്ചു.രണ്ടിനങ്ങൾക്ക് ചെറിയ നിയന്ത്രണം ഏർപ്പെടുത്തി എന്ന് . ഒടുക്കം സമ്പൂർണ്ണ നിയന്ത്രണം വരുത്തി ജനത്തെ അടിമകളാക്കും. സൂക്ഷിക്കുക
പശ്ചിമഘട്ട സംരക്ഷണത്തിനായി ഡോ. കെ. കസ്തൂരിരംഗൻ സമർപ്പിച്ച റിപ്പോർട്ട്
നടപ്പിലാക്കുന്നത് കർഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും ദൈനംദിന ജീവിതത്തെയും ഉപജീവനമാർഗ്ഗങ്ങളെയും ബാധിക്കുമെന്ന ആശങ്കകൾ താഴെ പറയുന്നവയാണ്
1.കുടിയൊഴിപ്പിക്കപ്പെടുമെന്നുള്ള ഭയം.
പരിസ്ഥിതി ലോല പ്രദേശങ്ങളായി (Ecologically Sensitive Areas - ESA) പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ ഭാവിയിൽ നിയന്ത്രണങ്ങൾ കടുക്കുമെന്നും, കൃഷിഭൂമിയും പാർപ്പിടങ്ങളും നഷ്ടപ്പെട്ട് ഒടുവിൽ കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുമെന്നും കർഷകർ ഭയപ്പെടുന്നു.
2. കൃഷി രീതികളിലെയും വളപ്രയോഗത്തിലെയും നിയന്ത്രണങ്ങൾ
1. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിന് കർശന നിയന്ത്രണം വരുന്നത് ഉത്പാദനക്ഷമതയെ ബാധിക്കുമെന്ന ആശങ്ക.
2പരമ്പരാഗത വിളകളിൽ നിന്ന് പെട്ടെന്ന് ജൈവകൃഷിയിലേക്ക് (Organic farming) മാറേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വിളനാശ ഭീഷണിയും. റബ്ബർ, ഏലം, കാപ്പി തുടങ്ങിയ തോട്ടവിളകൾ പ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് കാരണമാകുന്നു എന്ന നിഗമനത്തിൽ ഇവയുടെ കൃഷി വ്യാപിപ്പിക്കുന്നതിന് നിയന്ത്രണം വന്നേക്കാം
3.നിർമ്മാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ
പരിസ്ഥിതി ലോല മേഖലകളിൽ വീടുകൾ, തൊഴുത്തുകൾ, കൃഷി ആവശ്യത്തിനുള്ള ചെറിയ കെട്ടിടങ്ങൾ, കിണറുകൾ എന്നിവ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വനം വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ കർശന അനുമതി വേണ്ടിവരും. വലിയ റോഡുകൾ, പാലങ്ങൾ, കുടിവെള്ള-വൈദ്യുതി പദ്ധതികൾ എന്നിവയുടെ നിർമ്മാണത്തിന് തടസ്സം നേരിടുന്നത് മലയോര മേഖലയിലെ വികസനത്തെ പിന്നോട്ടടിക്കും.
4. ഭൂമിയുടെ മൂല്യത്തകർച്ച
സെൻസിറ്റീവ് മേഖലകളായി പ്രഖ്യാപിക്കപ്പെടുന്ന ഭൂമി വാങ്ങാനോ, വിൽക്കാനോ, ഈടുവെച്ച് ബാങ്ക് വായ്പകൾ നേടാനോ ബുദ്ധിമുട്ടാകും. ഇത് കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും സാമ്പത്തിക ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.
5. ഉപജീവനവും ചെറുകിട വ്യവസായങ്ങളും
കൃഷിയുമായി ബന്ധപ്പെട്ട ചെറുകിട സംസ്‌കരണ യൂണിറ്റുകൾ, ക്രഷറുകൾ, ക്വാറികൾ, മണ്ണെടുപ്പ്, ചെറുകിട മില്ലുകൾ എന്നിവയ്ക്ക് നിരോധനമോ കർശന നിയന്ത്രണമോ വരുന്നത് കർഷകർക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമുണ്ടാക്കും.
ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ESA അതിർത്തിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെത്തുടർന്ന്, ഉപഗ്രഹ സർവേയ്ക്ക് പകരം നേരിട്ടുള്ളഭൂമി പരിശോധന (Ground survey) നടത്താൻ പിന്നീട് നിർദ്ദേശങ്ങൾ ഉയർന്നിരുന്നു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലായാൽ റെഡ് കാറ്റഗറിയിൽ പെട്ട വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും നിരോധനം ഉണ്ടാകും എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്നാണ് ഒരു കൂട്ടം ആൾക്കാർ വാദിക്കുന്നത്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം ഓറഞ്ച് വൈറ്റ് കാറ്റഗറിയിൽ പെട്ട വ്യാപാര വ്യവസായങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും എന്ന നിബന്ധന ഉണ്ടെന്നുള്ള കാര്യം അധികൃതരോ സർക്കാരോ ബുദ്ധിജീവികളോ ആരോടും പറയാറില്ല. ആദ്യം തന്നെ എന്താണ് റെഡ് കാറ്റഗറിയിൽ പെട്ട വ്യാപാര വ്യവസായങ്ങൾ എന്നും എന്താണ് ഓറഞ്ച് വൈറ്റ് കാറ്റഗറിൽ പെട്ട വ്യാപാര വ്യവസായങ്ങളും നിർമ്മാണങ്ങളും എന്നും പഠിക്കാതെയാണ് നിയന്ത്രണമല്ലേ ഉള്ളൂ എന്ന് ചിലർ ചോദിക്കുന്നത്. എന്തൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് ആദ്യമേ നമുക്കൊന്ന് പരിശോധിക്കാം. എന്താണ് റെഡ് കാറ്റഗറി എന്താണ് ഓറഞ്ച്, വൈറ്റ് കാറ്റഗറി ചുവടെ വായിക്കുക
കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ESA - Eco-Sensitive Area) വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്ന റെഡ് കാറ്റഗറി(Red Category) വ്യവസായങ്ങൾക്കും നിർമാണങ്ങൾക്കും പൂർണ നിരോധനമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) മാനദണ്ഡങ്ങൾ അനുസരിച്ച് റെഡ് കാറ്റഗറിയിൽ പെടുന്ന പ്രധാന വ്യാപാര, വ്യവസായ, നിർമാണ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:
1. ഖനനവും ക്വാറികളും
പാറമടകൾ, മണൽ ഖനനം, വൻകിട മണ്ണെടുപ്പ്.
അയിര്, കൽക്കരി തുടങ്ങിയവയുടെ ഏതുതരം ഖനന പ്രവർത്തനങ്ങളും.
2. രാസ-ഭാരോദ്വഹന വ്യവസായങ്ങൾ
കെമിക്കൽ & പെട്രോകെമിക്കൽ നിർമാണ യൂണിറ്റുകൾ.
പെയിന്റ്, വാർണിഷ്, രാസവളങ്ങൾ, വിഷമരുന്നുകൾ എന്നിവയുടെ ഉൽപ്പാദനം.
സിമന്റ് ഫാക്ടറികൾ, ആസ്ബസ്റ്റോസ് ഉൽപ്പന്ന യൂണിറ്റുകൾ.
ലതർ/ടെക്സ്റ്റൈൽ പ്രോസസിങ് (ഡൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകൾ).
പൾപ്പ് ആൻഡ് പേപ്പർ ഉൽപ്പാദന വ്യവസായങ്ങൾ.
3. ലോഹ സംസ്കരണവും ഉൽപ്പാദനവും
1.ഇരുമ്പ്, സ്റ്റീൽ, അലുമിനിയം, ചെമ്പ് തുടങ്ങിയവ ഉരുക്കുന്ന വൻകിട പ്ലാന്റുകൾ (Smelters).
2ഇലക്ട്രോപ്ലേറ്റിങ്, മെറ്റൽ ഫിനിഷിങ് യൂണിറ്റുകൾ.
4. വൻകിട ഊർജ പദ്ധതികൾ
1.താപനിലയങ്ങൾ (Thermal Power Plants).
2.വലിയ ശേഷിയുള്ള ഡീസൽ ജനറേറ്റർ സിസ്റ്റങ്ങൾ.
5. നിർമാണ മേഖലയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും
1.20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വൻകിട കെട്ടിട സമുച്ചയങ്ങളും ടൗൺഷിപ്പ് നിർമാണങ്ങളും.
2.വൻകിട അറവുശാലകൾ (Slaughterhouses), പ്രോസസിങ് യൂണിറ്റുകൾ.
3.വൻകിട മദ്യ നിർമാണ ശാലകൾ (Distilleries).
4.വൻതോതിൽ മാലിന്യം പുറന്തള്ളുന്ന വലിയ ആശുപത്രികൾ, ഹോട്ടലുകൾ/റിസോർട്ടുകൾ.
5.പരമ്പരാഗത കാർഷിക പ്രവർത്തനങ്ങൾ, വീട് നിർമാണം, ചെറുകിട വ്യാപാരങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ റെഡ് കാറ്റഗറി വിലക്കിന്റെ പരിധിയിൽ വരുന്നില്ല. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക പരിസ്ഥിതി തകർക്കുന്നതും വൻതോതിൽ അന്തരീക്ഷ-ജല മലിനീകരണത്തിന് കാരണമാകുന്നതുമായ വ്യവസായങ്ങളെ തടയുകയാണ് ഈ നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം.
ഓറഞ്ച് കാറ്റഗറി -
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മാനദണ്ഡപ്രകാരം മിതമായ തോതിൽ മലിനീകരണ സാധ്യതയുള്ള (Pollution Index 41 മുതൽ 59 വരെ) വ്യവസായങ്ങളാണ് ഓറഞ്ച് കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
1.വാഹന സർവീസ് കേന്ദ്രങ്ങൾ - വലിയ ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ, ബോഡി ബിൽഡിംഗ് യൂണിറ്റുകൾ, വാഹന വാഷിംഗ് ആൻഡ് സർവീസിംഗ് കേന്ദ്രങ്ങൾ.
2.ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ - കശുവണ്ടി സംസ്കരണ ശാലകൾ, ഇടത്തരം മിൽക്ക് ഡയറികൾ, മാംസ/മത്സ്യ സംസ്കരണ യൂണിറ്റുകൾ, ഫ്രൂട്ട് പ്രോസസിംഗ് കേന്ദ്രങ്ങൾ.
3.ഹോട്ടലുകളും ഹോസ്പിറ്റാലിറ്റിയും - ഇടത്തരം റസ്റ്റോറന്റുകൾ, ലോഡ്ജുകൾ, 3-സ്റ്റാർ വരെയുള്ള ഹോട്ടലുകൾ.
4.ടെക്സ്റ്റൈൽ & ഡൈയിംഗ്- തുണിത്തരങ്ങളിൽ ചായം മുക്കുന്ന (Dyeing & Bleaching) ഇടത്തരം യൂണിറ്റുകൾ, വെറ്റ്-പ്രിന്റിംഗ് നടത്തുന്ന പ്രസ്സുകൾ.
5.നിർമ്മാണ സാമഗ്രികൾ - സിമന്റ് ഉൽപ്പന്നങ്ങൾ, മൺപാത്ര-ഓട് നിർമ്മാണ ശാലകൾ, ചെറിയ ക്രഷറുകൾ, ചെങ്കൽ ക്വാറികൾ.
6.മരുന്ന് നിർമ്മാണം - ആയുർവേദ, ഹോമിയോ മരുന്ന് നിർമ്മാണ യൂണിറ്റുകൾ (സിന്തറ്റിക് കെമിക്കലുകൾ നേരിട്ട് ഉപയോഗിക്കാത്തവ).
7.ലോഹ സംസ്കരണം - ഗാൽവനൈസിംഗ്, റേഡിയോ ആക്ടീവ് അല്ലത്ത ഹീറ്റ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ.
8.റീസൈക്ലിംഗ് - വേസ്റ്റ് പേപ്പർ പ്രോസസിംഗ് യൂണിറ്റുകൾ, പ്ലാസ്റ്റിക് റീസൈക്ലിംഗ് ശാലകൾ.
ഈ വിഭാഗത്തിലുള്ള വ്യവസായങ്ങൾ പ്രവർത്തിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള 'കൺസെന്റ് ടു എസ്റ്റാബ്ലിഷ് / ഓപ്പറേറ്റ്' (Consent to Establish/Operate) ലൈസൻസ് നിർബന്ധമാണ്.
വൈറ്റ് കാറ്റഗറി -
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മാനദണ്ഡപ്രകാരം മലിനീകരണ സാധ്യത ഏറ്റവും കുറഞ്ഞതും (Pollution Index 20 വരെയുള്ളവ) പ്രവർത്തിക്കാൻ പ്രത്യേക മലിനീകരണ നിയന്ത്രണ ലൈസൻസ് (Consent to Operate) ആവശ്യമില്ലാത്തതുമായ വ്യവസായങ്ങളാണ് വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
1.പുനരുപയോഗ ഊർജ്ജ പദ്ധതികൾ - സൗരോർജ്ജ പ്ലാന്റുകൾ (Solar PV), കാറ്റാടി യന്ത്രങ്ങൾ (Wind power projects), സോളാർ പാനൽ അസംബ്ലിംഗ്.
2.ഇലക്ട്രോണിക്സ് & ലൈറ്റിംഗ് - എൽ.ഇ.ഡി (LED) ബൾബുകൾ, എൽ.സി.ഡി, സി.എഫ്.എൽ അസംബ്ലിംഗ്, കമ്പ്യൂട്ടർ നിർമ്മാണവും അറ്റകുറ്റപ്പണികളും.
3.ടെക്സ്റ്റൈൽസ് -ചായം മുക്കൽ (Dyeing) ഇല്ലാത്ത കൈത്തറി/പവർലൂം യൂണിറ്റുകൾ, ഗാർമെന്റ് തയ്യൽ ശാലകൾ.
4.മെക്കാനിക്കൽ & അസംബ്ലിംഗ്- സൈക്കിൾ അസംബ്ലിംഗ്, തയ്യൽ മെഷീൻ നിർമ്മാണം, എയർ കൂളർ/എയർകണ്ടീഷണർ അസംബ്ലിംഗ്.
5.മെഡിക്കൽ & സയന്റിഫിക് - രോഗനിർണ്ണയ സാമഗ്രികൾ, മെഡിക്കൽ/സർജിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും അസംബ്ലിംഗ്.
6.ചെറുകിട ഗാർഹിക ഉൽപ്പന്നങ്ങൾ -ചോക്ക് നിർമ്മാണം, പേപ്പർ കവറുകളും പെട്ടികളും ഉണ്ടാക്കുന്ന യൂണിറ്റുകൾ, ലെതർ ഷൂ/ചെരിപ്പ് അസംബ്ലിംഗ് (ടാനിംഗ് ഇല്ലാത്തവ).
7.ഭക്ഷ്യ സംസ്കരണം - ചെറിയ ധാന്യപ്പൊടി മില്ലുകൾ (Flour mills/Chakki), ബിസ്‌കറ്റ്/ബേക്കറി യൂണിറ്റുകൾ (ലളിതമായ ഇലക്ട്രിക് ഓവനുകൾ ഉപയോഗിക്കുന്നവ).
ഈ വിഭാഗത്തിലുള്ള വ്യവസായങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മുൻകൂട്ടി 'കൺസെന്റ്' ലൈസൻസ് വാങ്ങേണ്ടതില്ല; ബോർഡിനെ വിവരമറിയിച്ചുകൊണ്ടുള്ള ലളിതമായ സത്യവാങ്മൂലം (Intimation) മാത്രം നൽകിയാൽ മതിയാകും.
(തുടരും)
Article by shijina
editor
The Kasthuri Rangan Report draft notification contains secrets you don't know about. Don't be sad if you keep them.























